
അണയാത്ത മോഹങ്ങളുടെ അക്ഷമനായ മനസ്സോടെ ആ സായഹ്നത്തെ സാക്ഷ്യം വഹിച്ച് കൊണ്ട് ഉള്ളിലെ നിശബ്ദതയാൽ മുഖരിതമായ ചുറ്റുപാടുകളെ കീഴടക്കി, പോർക്കളം കണക്കെ നിരന്ന് കിടക്കുന്ന ദേശീയ വീഥിയിലൂടെ, നിശയെ സ്വീകരിക്കാൻ നേരത്തെ തന്നെ തയ്യാറെടുത്ത മിന്നാമിനുങ്ങ് വെട്ടം പകരുന്ന ദീപസ്തംഭങ്ങളുടെ ഇടയിലൂടെ ഈറൻ മഴ പകർന്ന ആർദ്രതയോടെ, അസ്തമയ സൂര്യനെ ലക്ഷ്യം വെച്ച് ഞാൻ നടന്നു. ഞാൻ മുൻപു ചെയ്തതും ഇപ്പോൾ ചെയ്യുന്നതും ശരിയാണോ എന്ന് ചിന്തിക്കാൻ തെല്ലൊരു ക്ഷണം ചിലവിടാതെ യാദൃശ്ചികതയുടെ തിരവീചികളാൽ മൂടപ്പെട്ട സയാഹ്നത്തെ കാണാൻ കൊതിച്ച്, എന്തേ ഞാനീ അവസരവും കളയുന്നുവേന്ന് ചിന്തിക്കാൻ തുനിയാതെ മുൻപോട്ട് നടന്ന എന്റെ മനസ്സിൽ അപ്പോൾ മറ്റു പലതുമായിരുന്നു.
ആദർശങ്ങൾ പ്രായോഗികത്വത്തിന്റെ വഴിവിളക്കുകളായി കൊണ്ട് നടന്ന് അവയെ തെല്ലൊന്ന് ഉപയോഗപ്പെടുത്തുക പോലും ചെയ്യാതെ മനസ്സിന്റെ ഉള്ളിൽ തീപ്പൊരികൾക്കൊപ്പം പൂജിച്ച് ഉപയോഗശൂന്യതയുടെ ബാക്കിപത്രങ്ങളായ അസ്ഥിപഞ്ചരം കണക്കെ ഇടുന്നു. നിസ്സഹായതയുടെ ബലം കുറവിനാലും ധർമ്മസങ്കടത്തിന്റെ നിർബലത്താലും സ്വയം കുറ്റപ്പെടുത്താനോ അന്തരംഗേണ പഴിക്കാനോ കഴിയാതെ മനസ്സിന്റെ ചിരകാല അസ്തമയ സൂര്യനിൽ പ്രസാദിച്ച് സ്വയം സംതൃപ്തിയടഞ്ഞെങ്കിലും അണയാത്ത ചിലതിനെ മറക്കാൻ ശ്രമിക്കുമ്പോൾ അവയുടെ സ്വാധീനത്താലാവാം ഉള്ളം ആളിക്കത്തുന്നു.
നടത്തം അലസമായി കാണുന്ന കാലുകൾ വെമ്പുന്നത് ഇരിക്കാനാണെങ്കിലും ഓർമ്മകളെ ഒരു ബുദ്ധിമുട്ടായി കാണുന്ന മനസ്സ് വെമ്പുന്നത് മറക്കാനല്ലായിരുന്നു. മണ്ണും വിണ്ണും അനന്തസാഗരത്താൽ ഒന്നാവുമ്പോൾ സുഖദുഃഖ സമ്മിശ്രമെന്ന് അവകാശപ്പെട്ടേക്കാവുന്ന ജീവിതം എന്നേയും എന്റെ മനസ്സിനേയും ഒന്നിപിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ കാലത്തോടുള്ള നഷ്ടബോധം ഭാവി കാലത്തെ പ്രതീക്ഷക്ക് വക കൊടുക്കാൻ മടിക്കുമ്പോൾ വരും കാലത്തെ വളരെ ഭീതിയോടെ വീക്ഷിക്കുന്ന മനസ്സിന്റെ നയനങ്ങൾക്ക് വർത്തമാന കാലം പോലും കുളിരേകുന്നില്ലായിരുന്നു.
ഇരുട്ടിക്കൊണ്ടിരിക്കുന്ന വീഥിയിലൂടെ മെല്ലെ നടന്നു നീങ്ങിക്കൊണ്ടിരുന്ന ഞാനെന്ന രൂപം കൈ വിട്ടു പോയ എന്നെ ആ തെരുവോരങ്ങളിലെല്ലാം തിരഞ്ഞു കൊണ്ടിരുന്നു. അപ്പോഴേക്കും സൂര്യദേവൻ സമുദ്ര ദേവിയിൽ പകുതിയോളം അലിഞ്ഞു ചേർന്നിരുന്നു. ശോണിമ അതിന്റെ ഭീകര മുഖം കാണിച്ച് ഇരുട്ടിക്കൊണ്ടിരുന്ന ആ തീരത്തോട് ഞാൻ അടുത്ത് കൊണ്ടിരുന്നു. സൂര്യ കിരണങ്ങളുടെ നേർത്ത സ്പർശത്താൽ തിളങ്ങി നിന്ന വിഹായസ്സിന്റെ ചക്രവാളം എന്റെ രൂപത്തെ കൂടുതൽ ഇരുണ്ടതാക്കിയിരുന്നു. വിഷാദം എന്നത് സ്ഥിരസ്ഥിതി പ്രാപിച്ച മനസ്സിൽ, സന്തോഷം എന്ന അനൗചിത്യം ഒട്ടും തന്നെ തടസ്സമായിരുന്നില്ല. റോഡിന്റെ ഇരു ഭാഗത്ത് നിന്നും ചീവിടുകൾ ചിലച്ചുകൊണ്ടിരുന്നു. ഈറനണിഞ്ഞ പുൽമേടുകളും പുതുമണ്ണൂം ശ്വസനത്തെ സുഗമമാക്കിയില്ലെങ്കിലും ബുദ്ധിമുട്ടാക്കിയില്ല.
പഴയ റേഷൻ കടയും ചായക്കടയും കടന്ന് ബീച്ച് റോഡിലെത്തിയ ഞാൻ തെല്ലൊന്നവിടെ നിന്ന ശേഷം റോഡ് മുറിച്ചു കടന്നു. ഒരു വശത്തൊരു കടലവിൽപ്പനക്കാരൻ കടല വറുക്കുന്നു, ചുറ്റും 3 പേർ കൂടി നിന്ന് ചുടു കടല വായിലിട്ട് കൊറിച്ച് കൊണ്ടിരുന്നു. എന്റെ പ്രാണസഖിയോടൊത്ത് ഇതു പോലൊരു സായഹ്നത്തിൽ ഇവിടെ ഞാൻ വന്നിരുന്നുവോ അതോ, അതും വെറുമൊരു പായ്സ്വപ്നമായിരുന്നോ?. കടലിന്റെ ഇരുമ്പലുകളും തേങ്ങലുകളും അതിനോടടുക്കുമ്പോൾ സ്പഷ്ടമായി കേൾക്കാം. അവളോടടുത്തപ്പോൾ അവളെ ഞാൻ മനസ്സിലാക്കിയത് പോലെ. എങ്ങുനിന്നോ അടിച്ച കടൽക്കാറ്റിന്റെ വിരിഞ്ഞ മാറിലെവിടെയോ അനശ്വരതയുടെ പ്രതീകമാം വിധം അനന്തപ്രണയം ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അതിന്റെ ശാലീനത കരയിലും പ്രകടമായിരുന്നു. അപ്പോഴേക്കും കരയേയും കടലിനേയും നിരാശപ്പെടുത്തി സൂര്യദേവൻ സ്വയം കീഴടങ്ങി. ഇലകൾ കൊഴിഞ്ഞ മരത്തേ നോവിക്കാൻ മടിച്ചതിനാലാവണം മോഹങ്ങൾ പൊലിഞ്ഞ ഞാനാ മരത്തിൽ ചാരി നിൽക്കാൻ തുനിഞ്ഞെങ്കിലും പിന്നീട് പിന്മാറി. ആ തീരത്തോടു കൂടുതൽ അടുക്കാൻ ഞാൻ വീണ്ടും നടന്നു. വിധിക്ക് കീഴടങ്ങാതെ വിരഹത്തെ കീഴടക്കാൻ ആ തീരം എന്നെ പ്രേരിപ്പിക്കുന്നതായി എനിക്ക് തോന്നി. വിരഹവും അതിന്റെ ഉത്ഘട ഭാവമായ നൈരാശ്യവും എനിക്ക് താങ്ങാൻ പറ്റുമായിരുന്നില്ല. കടലിനോട് അടുക്കുന്തോറും പുളകമണിയിക്കുന്ന തീവ്രാനുരാഗത്തിന്റെ ഹൃദയ സ്പർശിയായ ആലിംഗനത്തിൽ ഞാൻ ഇഴുകിച്ചേർന്നു കൊണ്ടിരുന്നു.
സൂര്യകിരണത്തെ ആകാശത്തിൽ പർവ്വതനിര കണക്കെ നിന്നിരുന്ന മേഘങ്ങൽ പ്രതിഫലിപ്പിച്ച് കൊണ്ടിരുന്നു. തിരവീചികൾ കൂടുതൽ മൃഗീയമായ രീതിയിൽ കരയോടു കാമിച്ച് കൊണ്ടിരുന്നു. സൂര്യാസ്തമയം കൺകുളിർക്കേ കണ്ടു കൊണ്ട് ഞാൻ മെല്ലേ അവിടെ ഇരുന്നു. ഒരുപാടു മധുരാനുഭവങ്ങൾ സമ്മാനിച്ച ആ തീരം കൂടുതൽ ശാന്തമായിക്കൊണ്ടിരുന്നു. അവിടെ കിടന്നു ആകാശത്തിലേക്ക് നോക്കിയിരുന്നപ്പോൾ ഓർമ്മയിലേ സുഖങ്ങളെല്ലാം ദുഃഖാത്തേക്കാൾ കഠിനമായി അനുഭവപ്പെട്ട് കൊണ്ടിരുന്നു. ഞാനവിടെ നിന്നും എഴുന്നേറ്റു, കാൽ വിരളുകൾക്കിടയിൽ മണൽത്തരികൾ പറ്റിക്കിടപ്പുണ്ടായിരുന്നു. ഇരുട്ട് വർദ്ധിച്ച് കൊണ്ടിരുന്നപ്പോൾ ഞാൻ മെല്ലെ നടന്ന് തുടങ്ങി. വെളിച്ചത്തിന്റെ ദൃശ്യ മനോഹാരിതയേക്കാൾ ഇരുട്ടിന്റെ അജ്ഞതയിൽ ഒരുപാട് അറിയാനുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഒരിക്കൽ ഒരുപാട് സ്വപ്നങ്ങൾ നെയ്ത അതേ തീരത്ത് വീണ്ടും അവയെല്ലാം അവസാനമായി അയവിറക്കാൻ വന്ന ഞാൻ, ഭാവനയിൽ നിന്ന് കവിതയെഴുതി, തെറ്റിത്തിരുത്തി കടലാസുകൾ ചുരുട്ടി എറിയുന്ന പോലെ എന്നെ തന്നെ അവിടങ്ങളിലെല്ലാം പിച്ചിച്ചീന്തിയിട്ടു കൊണ്ടിരുന്നു.
മെഴുകുതിരി വെട്ടത്തിന് ചുറ്റും ആനന്തനിർവൃതികളിൽ തിമിർത്താടുന്ന ഈയാമ്പാറ്റ കണക്കെ മനസ്സിൽ നിഗൂഡവും ഭ്രാന്തവുമായ ആ നിർവൃതിയിൽ മുങ്ങിയ ഞാൻ അതേ തീയിൽ ചാടി എരിഞ്ഞു തീരാനുള്ളതാണെന്ന് അറിഞ്ഞിരുന്നില്ല. എരിഞ്ഞ് തീരുന്ന മനസ്സിൽ നിന്നും പലതും അന്തരീക്ഷത്തിൽ പറന്നുയർന്ന് ആവിയായിത്തീരുന്നു, എന്നാൽ ദിവ്യാനുരാഗത്തെ എരിച്ചു കളയാൻ വിരഹത്തീയ്ക്ക് പോലും കഴിയുമായിരുന്നില്ല. ഓർമ്മകൾക്ക് നാശമോ മരവിപ്പോ അനുഭവപ്പെട്ടിട്ടില്ലാത്ത ഞാൻ മറവി ഒരനുഗ്രഹമായി ദൈവം ചൊരിഞ്ഞെങ്കിലെന്ന് ആശിച്ചു. മനസ്സിന്റെയോ ആത്മാവിന്റെയോ സാന്നിധ്യമില്ലാതെ ഞാൻ മുന്നോട്ട് നടന്നു. തിരമാലകൾ കാലിൽ ശക്തിയായി അടിച്ചു കൊണ്ടിരുന്നു.എന്റെ കാലിനടിയിൽ നിന്നും മണൽത്തരികൾ നീങ്ങി നീങ്ങി പോയി. ഈ ഭൂമിയിൽ ഞാനൊരു ഭാരമാണോ എന്നു പോലും ഞാൻ അപ്പോൾ ചിന്തിച്ചു. കാലിൽ അനുഭവപ്പെട്ട തണുപ്പ് ശരീരത്തിലും അനുഭവപ്പെട്ടു തുടങ്ങി. എന്റെ ആത്മാവ് മനസ്സിനേയും ശരീരത്തേയും അകറ്റി നിർത്തി മറ്റെവിടേയ്ക്കോ യാത്ര തിരിക്കാൻ തുടങ്ങി. ഞാൻ തേടുന്ന എന്റെ സഖിയുടെ സാന്നിധ്യം ഞാനറിഞ്ഞ് തുടങ്ങി. പെട്ടെന്നെവിടെയോ അവളുടെ രൂപം മിന്നി മറഞ്ഞു.
ഞാൻ വളരേ ശാന്തനായി സന്തോഷവാനായി; ആഹ്ലാദത്തിമർപ്പോടെ മെഴുകുതിരി വെട്ടത്തിൽ എരിയുന്ന ഈയമ്പാറ്റ പോൽ എന്റെ സഖിയുടെ അടുത്തേക്ക് യാത്ര തിരിച്ചു. അപ്പോഴും ആ കടൽത്തീരം എന്നെ യാത്രയാക്കുന്നുണ്ടായിരുന്നു. ഒടുവിൽ "ഒരു സങ്കീർത്തനം പോലെ" എന്ന നോവൽ പര്യവസാനിക്കുന്ന പോലെ; ജീവിതത്തിൽ ശേഷിക്കുന്ന എല്ലാമോഹങ്ങളോടും കൂടി ഞാനവളെ നോക്കി. ദൈവികമായ ഒരു നിമിഷമാണതെന്ന് തോന്നി...ദൈവം സാക്ഷി നിൽകുന്ന ഒരു നിമിഷം...ദൈവം കാവൽ നിൽകുന്ന ഒരു നിമിഷം. ആ നിമിഷത്തിന്റെ അദൃശ്യമായ പ്രേരണയ്ക്ക് കീഴടങ്ങി ഞാനവിടെ വച്ച് അവളെ കെട്ടിപ്പുണർന്നു. ദുരന്തത്തിന്റെയോ മരണത്തിന്റെയോ ഗർത്തങ്ങളിൽ നിന്ന് ഒരാത്മാവ് ദൈവികമായ ഒരു നിമിഷത്തിൽ ഉയിർത്തെഴുന്നേറ്റ് അനശ്വരതയുടെ ഏതോ ഒരു ശിഖിരത്തിൽ വച്ച് അതിന്റെ ഇണയെ കണ്ടെത്തുന്ന പോലെയായിരുന്നു അത്.