
എനിക്കവൾ ആരുമല്ലായിരുന്നു. എന്നിട്ടും അവളിൽ ഞാൻ എന്നേ, എന്റെ മനസ്സിനെ കണ്ടു. കഴിഞ്ഞ ജന്മത്തിലെ പ്രണയിനിയായിരിക്കണം അവൾ, ഞാൻ ഊഹിച്ചു. ആ ഒരു നിഗമനത്തിലേ അപ്പോൾ എനിക്കെത്താൻ കഴിയുമായിരുന്നുള്ളൂ. ഞാൻ അവളോട് അടുക്കും തോറും ഞാൻ എന്നോട്, എന്റെ മനസ്സിനോട് തന്നെ അടുക്കുന്നതായി തോന്നി. അറിയാതെയാണെങ്കിലും അധികം അടുത്ത് പോയതിനാലാവണം അകൽച്ച അത്രയേറേ വേദനിപ്പിച്ചത്. ഇത്രയേറെ അകലേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ അത്രയേറെ അടുക്കില്ലായിരുന്നു. ഇപ്പോൾ അവളില്ലാതെ ഈ ലോകം തന്നെ ശൂന്യം എന്നു പോലും തോന്നിപ്പോവുന്നു. സ്വന്തത്തേപ്പോലെ സ്നേഹിച്ചതും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതും അവളെ മാത്രം. അവൾ ചിരിക്കുമ്പോളായിരുന്നു ഞാൻ ഏറ്റവും കൂടുതൽ ആഹ്ലാദിച്ചിരുന്നത്, അവൾ കരഞ്ഞപ്പോൾ ഞാൻ അങ്ങേയറ്റം ദുഃഖിച്ചു. എന്റെ മനസ്സിന്റെ കടിഞ്ഞാൺ അവളുടെ കയ്യിലായിരുന്നിരിക്കണം. ആവളെന്നെ സ്നേഹിക്കാൻ പഠിപ്പിച്ചു, ഞാൻ അവളെ എങ്ങിനെ സ്നേഹിക്കാമെന്ന് പഠിച്ചു. അവളെന്നെ എങ്ങിനെ സന്തോഷവാനാവാമെന്ന് പഠിപ്പിച്ചു, ഞാൻ അവളെ എങ്ങിനെ സന്തോഷിപ്പിക്കാമെന്ന് പഠിച്ചു. അവളെന്നെ ചിരിക്കാൻ പഠിപ്പിച്ചു, ഞാൻ അവളോടു എപ്പോഴും ചിരിച്ചു കൊണ്ടിരുന്നു. പക്ഷേ, അവൾ എങ്ങിനെ മറക്കാം എന്ന് മാത്രം പഠിപ്പിച്ചു തന്നില്ല, അതിനാലായിരിക്കണം അവളേ എനിക്കിതു വരെ മറക്കൻ കഴിഞ്ഞില്ല, ഇനി കഴിയുകയുമില്ല.
ഏറ്റവും വിഷാദമേറിയ ദിനരാത്രങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നു തോന്നുന്നു. ആ രത്രികളിലെല്ലാം തന്നെ നിസ്സഹായനായി അവളെ കുറിച്ചു മാത്രം ഓർമ്മിക്കാനേ എനിക്കു കഴിയൂ... അത്രമേൽ അവളെ ഞാൻ സ്നേഹിച്ചിരുന്നു. അവൾ എന്നേയും. ഇനിയവൾ ഇല്ല എന്നോർക്കാൻ പോലും പറ്റുന്നില്ല. യാഥാർത്ഥ്യം തെല്ലും വക വെക്കാതെ സ്വപ്നം കാണാൻ അവളുടെ ഓർമ്മകൾ ഇപ്പോഴും എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അവൾ മൂളിയിരുന്ന രാഗങ്ങൾ ഒരു കാലത്ത് എന്നെ ഏറ്റം സന്തോഷിപ്പിച്ചിരുന്നെങ്കിൽ ഇന്നവ എന്റെ മനസ്സിൽ ആഴത്തിലിള്ള മുറിവുകളാണ്. അവൾ ഇനിയില്ലാ എന്നും അവളെക്കുറിച്ചുള്ള ഓർമ്മകൾ ഇനിയെന്നും ഓർമ്മകൾ മാത്രമായിരിക്കുമെന്ന സത്യം എന്റെ മനസ്സിനെ ബോധ്യപ്പെടുത്താൻ ഞാൻ അപോഴും ശ്രമിച്ചു കൊണ്ടേയിരുന്നു. ഈ രാത്രികളിൽ ഞാൻ തേടുന്നത് അവളെ മാത്രമാണ്. കളവാണെങ്കിലും ഇനിയൊരിക്കലും പിരിയില്ലെന്നു മനസ്സിനോട് മന്ത്രിച്ച് കൊണ്ട് അകലേ വിഹായസ്സിന്റെ വിശാലതയിൽ ശൂന്യമാം പ്രതീകഷകൾ നെയ്ത് കൊണ്ടിരുന്നു. 'പ്രണയം എത്രമേൽ ഹ്രസ്വമാണെങ്കിലും വിസ്മൃതി എത്രയോ ദീർഘമാണ്' എന്ന കവി വാക്യം ഞാൻ ഓർമ്മിച്ചു. ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു,എനിക്കവൾ ആരെല്ലമോ ആയിരുന്നു.